
കേരളത്തിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തിയും സ്വാധീനവും തെളിയിക്കാനുറച്ച് ബിജെപി. പാർട്ടിയുടെ എല്ലാ സന്നാഹങ്ങളും പ്രയോജനപ്പെടുത്തി പരമാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പിടിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അനായാസമാണെന്നും ആ വിജയം മുൻനിർത്തി നിയമസഭാ തെരഞ്ഞെടുപ്പിലും വൻ നേട്ടം കൊയ്യാനാകും എന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്. ആർ എസ് എസിന്റെ മേൽനോട്ടത്തിലാകും തെരഞ്ഞെടുപ്പ് മെഷീനറി പ്രവർത്തിക്കുക.
കേരളത്തിലെ 15,000 വാർഡുകളിൽ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. രണ്ട് കോർപ്പറേഷനിലും 25 മുനിസിപ്പാലിറ്റികളിലും 400 ഗ്രാമപ്പഞ്ചായത്തിലും പാർട്ടിക്ക് അധികാരത്തിലെത്താനാകുമെന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിൽ രണ്ട് കോർപ്പറേഷനിലും 400 ഗ്രാമപ്പഞ്ചായത്തിലും 25 മുനിസിപ്പാലിറ്റികളിലും ഭരണം ലക്ഷ്യമിട്ട് ബിജെപി. താഴേത്തട്ടുവരെ പ്രവർത്തനം ശക്തമാക്കാൻ നേതൃയോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആർഎസ്എസ് മേൽനോട്ടം വഹിക്കും. തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകളിൽ അധികാരത്തിലെത്താമെന്നും കൊല്ലത്തും കോഴിക്കോട്ടും രണ്ടാമതെത്താമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ കഴിയാവുന്നത്ര അംഗബലം കൂട്ടും. കുറഞ്ഞസീറ്റിൽ ഭരണംനഷ്ടപ്പെട്ട മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും നേരിയവോട്ടിൽ പരാജയപ്പെട്ട വാർഡുകളിലും കൂടുതൽ ശ്രദ്ധചെലുത്താനാണ് തീരുമാനം.
വികസിതകേരളം എന്നതാണ് വരുന്ന തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുദ്രാവാക്യം. ഓരോപ്രദേശത്തെയും പ്രവർത്തനങ്ങൾ പാർട്ടിയുടെ സരൾ ആപ്പിൽ അപ്പപ്പോൾ അപ്ലോഡ് ചെയ്യുമെന്നതിനാൽ അതത് സമയം നേതൃത്വത്തിന് വിലയിരുത്താനാകും. വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിൽ മുൻതിരഞ്ഞെടുപ്പുകളെക്കാൾ മുൻഗണന ഇത്തവണ നേതാക്കൾ നൽകുന്നുണ്ട്.
ഗ്രാമപ്പഞ്ചായത്തുകളുടെ ചുമതല ജനറൽ സെക്രട്ടറി എം.ടി. രമേശിനാണ്.











